Saturday, July 14, 2018

വട്ടവടയിൽനിന്നു അഭിമന്യു (Vattavadayilninnu Abhimanyu)"ഉടനെ യെത്തണം , ഇപ്പോൾ പ്പുറപ്പെടൂ"
കൂടെ പഠിക്കും സഖാവിന്റെ ഫോൺ വിളി.

"രാത്രിതന്നെ മടക്കമോ ?" 
പിന്നിലാരൊ പതുക്കെ വിളിച്ചുവോ ?
ഇത്രനാൾ  താണ്ടിയ  കഷ്ടകാല വഴി
യരികിലെ പ്പൂക്കളോ  ?
ദൂരെ  നിന്നേതോ  മിഴിപ്പൂക്കളോ ?

പുതിയനാളേക്ക്  കോളേജിലെത്തുന്ന,
പുതുമുഖങ്ങൾക്ക് സ്വാഗതമോതണം .
   
വളരുമാ   പദ്മവ്യൂഹം തകർക്കണം;
രാത്രിവണ്ടിയിൽ  ചുരമിറങ്ങുന്നു  ഞാൻ.

നറുനിലാവിന്റെ നൂൽ മുറിഞ്ഞായിരം -
തിരിതെളിഞ്ഞു ,  മിഴികൾ തുറക്കവേ,

മലമടക്കുകൾ താണ്ടി വരുന്നൊരീ കാറ്റ്
ചോദിച്ചുവോ , ഇന്ന് തന്നെ മടക്കമോ ?

എന്നെ യുറക്കി ക്കിടത്തി മലങ്കാറ്റു
പാട്ടു നിർത്തി, കൂരിരുട്ടിന്നു കൂട്ടുപോയ് .

ഒരു കിനാവിന്റെ രാത്രിവണ്ടിയിൽ 
ഇരുളു കീറി ചുരമിറങ്ങുന്നു ഞാൻ.

നാളെ എത്തും   ചുവന്ന പുലരിക്കു ,
വിരിയുവാൻ കാട്ടുപൂക്കൾ  ഒരുങ്ങവേ

കറുത്ത കാടുകൾ പിറകിൽ  മായവേ
നഗര സീമയിൽ കനൽ തെളിയവേ ..

സുഖമൊരു ചെറു  മയക്കമാണ്ടു ഞാൻ
അഭിമന്യു , കറുത്ത വൻകാടിറങ്ങി വന്നവൻ

അകലെയാരോ,ചിരിച്ചുവോ  ?, കഠാര  തൻ  ,
അലക്‌ രാകുന്ന നിസ്വനം കേട്ടുവോ?

അത് വെറും തോന്നൽ, കൂരി രുളിന്റെ
കരിമ്പടം പുതച്ചുറങ്ങിടട്ടെ  ഞാൻ. 

Saturday, February 04, 2017

കാർക്കിച്ചു

കാർക്കിച്ചു
------------

കാർക്കിച്ചു.
ഇനി ..
ഇടത്തോട്ടോ വലത്തോട്ടോ.. എങ്ങോട്ടു തുപ്പണം ?
മതം പഠിപ്പിച്ചത് വലത്തോട്ടെന്നു.
പഴയ ഗുരുക്കൾ പഠിപ്പിച്ചത് ഇടത്തോട്ടെന്നു.
വേദം വിവർത്തിച്ചവർ വിട്ടുകളഞ്ഞു.
പുരാണം പലതരത്തിൽ പറഞ്ഞിട്ടുണ്ട്.
ചരിത്രം പഠിച്ച സാറ് പറഞ്ഞു "നീ മുന്നോട്ടാഞ്ഞു തുപ്പണം" .
പാർട്ടി പറഞ്ഞു  "നീ തുപ്പലിറക്കണം"
ഞാൻ പേടിച്ചു ,  മലർന്നു കിടന്നു തുപ്പുന്നു.

Saturday, December 31, 2016

പുതു വര്ഷം

                        പുതു വര്ഷം

നല്ല നവവർഷം നമുക്കേകട്ടെ നന്മകൾ
നല്ല പാതകൾ , പാട്ടുകൾ കൂട്ടുകാർ

അരിയൊരോർമയിൽ മഴപൊഴിക്കട്ടെ
പഴയ പാതകൾ , പാട്ടുകൾ, കൂട്ടുകാർ

തുണ വരട്ടെ പഠിച്ച  പാഠങ്ങളും
ഇലമുറിച്ചു  പൊതിഞ്ഞ സ്വപ്നങ്ങളും

മുറിനിറച്ചു മുറിഞ്ഞ മൗനങ്ങളും
മിഴികൾ വീണ്ടും  നിറഞ്ഞ ദുഖങ്ങളും

നിനവിൽ എല്ലാം നിറച്ചു മുറുക്കിയീ
കനവൊടുങ്ങാ    കടല് കടക്കണം

പണ്ട് പോയവർ നീളെ തെളിച്ചൊരാ
തിരികൾ  താരകൾ കാറ്റിൽ കെടും മുൻപ്

പാതിരാ താണ്ടണം, പഴയ
പാതിരാ താണ്ടണം.

Sunday, November 20, 2016

ഉറുമ്പിന് എന്നോട് പറയാനുള്ളത് ....

ഉറുമ്പിന് എന്നോട് പറയാനുള്ളത് ....

പൊടിമണൽ നിര നിരയായ് കൂട്ടിവച്ചവരെന്നോടെന്തോ
പറയാൻ വെമ്പുന്നു. വരിവരിയായ്  എന്തോ വരച്ചു കാട്ടുന്നു.

പറയുന്നുണ്ടവർ പല യുഗങ്ങളായ് , തലമുറകളായ് ,
പറഞ്ഞു കെട്ടൊരാ പഴയ ചൊല്ലുകൾ  ,പതിഞ്ഞ  ശീലുകൾ .

പഴയ മാവിന്റെ ചുവട്ടിൽ വേരിന്റെയിടയിൽ എത്രനാൾ
പണിപ്പെട്ടു  മെനഞ്ഞെടുത്ത കൂനകൾ , ഉറുമ്പുകൂനകൾ .

ഒരു ചെറു ചോനൽ ഉറുമ്പോരു  തരി മണൽ , ഉറുമ്പു കൂന തൻ
മുകളിൽ എത്തിച്ചു , നിരഭയനായ്   മിഴിയുയർത്തുന്നു.

മുകളിൽ നീലിമ , അനന്തമാകാശം, അതിനുമപ്പുറം ,
അറിവില്ലാത്തൊരാ , അതിരില്ലാത്തൊരാ പ്രപഞ്ച വീഥികൾ

 ഇവയിലൊന്നുമേ  മനസ്സുടക്കാതെ ഒരേ ഒരർത്ഥന
ഉറുമ്പിൻ കൂട്ടങ്ങൾ  മനസ്സു രുകി  പ്രാർത്ഥിക്കുകയാണ്

അവരെന്നോടെന്തോ പ്രാർത്ഥിക്കുകയാണ്. മഴവരുത്തല്ലേ ,
മാവ് വെട്ടല്ലേ,ഉറമ്പുകൂനയിൽ ചവറെരിക്കല്ലേ

ജനപഥങ്ങളെ ഉറുമ്പുപൊടി യിട്ട് മുടിച്ചു തള്ളല്ലേ
 ഉറുമ്പിൽ കുഞ്ഞിനെ ചവിട്ടി തെക്കല്ലേ

ഉറുമ്പിൽ ദൈവത്തോ ടെന്തോ അപേക്ഷിക്കയാണ്
ഇതെല്ലാമാകാം അവർ എന്നോട്  പ്രാർത്ഥിക്കുന്നത്

ഉറുമ്പിൻ  ദൈവമായ്  ചെറിയൊരാകാശം
നിറഞ്ഞു നിന്ന് ഞാൻ ചരിഞ്ഞു നോക്കുമ്പോൾ

ഉറുമ്പിൻ കൂട്ടങ്ങൾ നിരനിരകളായ് ചെറിയ  മാനസം
വലിയ വാനാക്കി ഭരിത ഭക്തിയാൽ ജപം  മുറുക്കുന്നു.

ഉറുമ്പിൻ ദൈവമാം  വെറും ഞാൻ, മാനവൻ,
ഇനിയും മേലേക്ക് മിഴികൾ പാകുന്നു.