വട്ടവടയിൽനിന്നു അഭിമന്യു (Vattavadayilninnu Abhimanyu)
"ഉടനെ യെത്തണം , ഇപ്പോൾ പ്പുറപ്പെടൂ"
കൂടെ പഠിക്കും സഖാവിന്റെ ഫോൺ വിളി.
"രാത്രിതന്നെ മടക്കമോ ?"
പിന്നിലാരൊ പതുക്കെ വിളിച്ചുവോ ?
ഇത്രനാൾ താണ്ടിയ കഷ്ടകാല വഴി
യരികിലെ പ്പൂക്കളോ ?
ദൂരെ നിന്നേതോ മിഴിപ്പൂക്കളോ ?
പുതിയനാളേക്ക് കോളേജിലെത്തുന്ന,
പുതുമുഖങ്ങൾക്ക് സ്വാഗതമോതണം .
വളരുമാ പദ്മവ്യൂഹം തകർക്കണം;
രാത്രിവണ്ടിയിൽ ചുരമിറങ്ങുന്നു ഞാൻ.
നറുനിലാവിന്റെ നൂൽ മുറിഞ്ഞായിരം -
തിരിതെളിഞ്ഞു , മിഴികൾ തുറക്കവേ,
മലമടക്കുകൾ താണ്ടി വരുന്നൊരീ കാറ്റ്
ചോദിച്ചുവോ , ഇന്ന് തന്നെ മടക്കമോ ?
എന്നെ യുറക്കി ക്കിടത്തി മലങ്കാറ്റു
പാട്ടു നിർത്തി, കൂരിരുട്ടിന്നു കൂട്ടുപോയ് .
ഒരു കിനാവിന്റെ രാത്രിവണ്ടിയിൽ
ഇരുളു കീറി ചുരമിറങ്ങുന്നു ഞാൻ.
നാളെ എത്തും ചുവന്ന പുലരിക്കു ,
വിരിയുവാൻ കാട്ടുപൂക്കൾ ഒരുങ്ങവേ
കറുത്ത കാടുകൾ പിറകിൽ മായവേ
നഗര സീമയിൽ കനൽ തെളിയവേ ..
സുഖമൊരു ചെറു മയക്കമാണ്ടു ഞാൻ
അഭിമന്യു , കറുത്ത വൻകാടിറങ്ങി വന്നവൻ
അകലെയാരോ,ചിരിച്ചുവോ ?, കഠാര തൻ ,
അലക് രാകുന്ന നിസ്വനം കേട്ടുവോ?
അത് വെറും തോന്നൽ, കൂരി രുളിന്റെ
കരിമ്പടം പുതച്ചുറങ്ങിടട്ടെ ഞാൻ.