Saturday, July 14, 2018

വട്ടവടയിൽനിന്നു അഭിമന്യു (Vattavadayilninnu Abhimanyu)



"ഉടനെ യെത്തണം , ഇപ്പോൾ പ്പുറപ്പെടൂ"
കൂടെ പഠിക്കും സഖാവിന്റെ ഫോൺ വിളി.

"രാത്രിതന്നെ മടക്കമോ ?" 
പിന്നിലാരൊ പതുക്കെ വിളിച്ചുവോ ?
ഇത്രനാൾ  താണ്ടിയ  കഷ്ടകാല വഴി
യരികിലെ പ്പൂക്കളോ  ?
ദൂരെ  നിന്നേതോ  മിഴിപ്പൂക്കളോ ?

പുതിയനാളേക്ക്  കോളേജിലെത്തുന്ന,
പുതുമുഖങ്ങൾക്ക് സ്വാഗതമോതണം .
   
വളരുമാ   പദ്മവ്യൂഹം തകർക്കണം;
രാത്രിവണ്ടിയിൽ  ചുരമിറങ്ങുന്നു  ഞാൻ.

നറുനിലാവിന്റെ നൂൽ മുറിഞ്ഞായിരം -
തിരിതെളിഞ്ഞു ,  മിഴികൾ തുറക്കവേ,

മലമടക്കുകൾ താണ്ടി വരുന്നൊരീ കാറ്റ്
ചോദിച്ചുവോ , ഇന്ന് തന്നെ മടക്കമോ ?

എന്നെ യുറക്കി ക്കിടത്തി മലങ്കാറ്റു
പാട്ടു നിർത്തി, കൂരിരുട്ടിന്നു കൂട്ടുപോയ് .

ഒരു കിനാവിന്റെ രാത്രിവണ്ടിയിൽ 
ഇരുളു കീറി ചുരമിറങ്ങുന്നു ഞാൻ.

നാളെ എത്തും   ചുവന്ന പുലരിക്കു ,
വിരിയുവാൻ കാട്ടുപൂക്കൾ  ഒരുങ്ങവേ

കറുത്ത കാടുകൾ പിറകിൽ  മായവേ
നഗര സീമയിൽ കനൽ തെളിയവേ ..

സുഖമൊരു ചെറു  മയക്കമാണ്ടു ഞാൻ
അഭിമന്യു , കറുത്ത വൻകാടിറങ്ങി വന്നവൻ

അകലെയാരോ,ചിരിച്ചുവോ  ?, കഠാര  തൻ  ,
അലക്‌ രാകുന്ന നിസ്വനം കേട്ടുവോ?

അത് വെറും തോന്നൽ, കൂരി രുളിന്റെ
കരിമ്പടം പുതച്ചുറങ്ങിടട്ടെ  ഞാൻ.