വിരുന്നുകാർ
Virunnukar
Jellikkettu
ജെല്ലിക്കെട്ട് - അഥവാ ഒരു ബ്രഹ്‌മാന്വേഷണ കഥ.
ജെല്ലിക്കെട്ടിലെ പോത്തു വെറും പോത്തല്ല. ബീഫ് ആണ്. വരട്ടാം , കറി യാക്കാം , ഇടിയിറച്ചി ആക്കാം , വറുക്കാം അങ്ങനെ പല രൂപത്തിൽ പരുവപ്പെടുത്തി അകത്താക്കാം. പതിയെ ദഹിച്ചോളും .
ജെല്ലിക്കെട്ടിലെ പോത്തു വെറും പോത്തല്ല - പക്ഷെ പോത്തിനെ തേടുന്ന, ഓടുന്ന മനുഷ്യരെല്ലാം നമ്മളൊക്കെ തന്നെ ആണ്.
സിനിമയിൽ പോത്തിനെ വെറും ബീഫ് ആയി കണ്ടാണ് പലരും പുറകെ ഓടുന്നത്. ബീഫിന്റെ ഒരു ഓഹരി കിട്ടും എന്ന് നാവു നുണയുന്നവർ
ആണ് ആ ഓടുന്നവരിൽ ഭൂരിഭാഗവും. പിന്നെ അതിനിടയിൽ ഒരു ത്രില്ല് കണ്ടെത്തി അതിനു വേണ്ടി ഓടുന്നവരും ഉണ്ട്.
ചിലർ മറ്റു ചില കാരണങ്ങളാൽ , വൈരാഗ്യം തീർക്കാനോ മറ്റോ.. , ഇതൊരു അവസരം ആയിക്കണ്ടു ഓടുന്നു.
പിന്നെ ബീഫിന്റെ ഉടമ എന്ന് ചിലർ സ്വയം വിശ്വസിക്കുന്നുണ്ടെങ്കിലും , ബാക്കി എല്ലാരും അതിനെ പൊതു സ്വത്തായാണ്
കാണുന്നത്. ബീഫിന്റെ മൊത്തം ചില്ലറ വില്പനക്കാർ ..ജെല്ലിക്കെട്ടിൽ കൂടുതൽ ഉത്തരവാദിത്തം ഭാവിക്കുന്നു. സത്യത്തിൽ
ബീഫ് എല്ലാരുടെയും ആണ്.
കുഴിയിൽ വീണ ബീഫിനെ നവോത്ഥാനത്തിലൂടെ പുറത്തെത്തിക്കാൻ കൊണ്ട് പിടിച്ചു ശ്രമിക്കുന്നുണ്ട്.
ഈ ഓട്ടത്തിനിടയിൽ സകല വെച്ചുകെട്ടുകളും അഴിഞ്ഞു വീഴുന്നുണ്ട്. പ്രിമിറ്റീവ് ആയ കാടൻ മനുഷ്യരായി അന്വേഷണം
മുറുകുന്നുണ്ട്. ഒടുവിൽ ഈ പച്ച മനുഷ്യരെല്ലാം ഒന്നിച്ചൊരു കുന്നായി ബീഫിനെ ചെളിയിലേക്കു തന്നെ പൂഴ്ത്തുകയാണ്.
ബീഫ് പോത്താകുന്നു. പോത്ത് പരബ്രഹ്മം ആകുന്നു.
വാതിലിൽ കൊമ്പുടക്കി നിന്ന് പോയ ചാത്തന്റെ പരബ്രഹ്മം അഥവാ മാടൻ പോത്തു. നമ്പൂരിപ്പാടിന്റെ ഐഹിക ഭാണ്ഡവും പേറി അനുസരണയോടെ
ചാത്തന്റെ പിന്നാലെ നടന്ന പരബ്രഹ്മം. അതിന്റെ പുറകെ ആണ് ബീഫ് എന്ന് കരുതി നമ്മൾ എല്ലാം ഓടുന്നത്. പക്ഷെ ശരിക്കും അത് മാടൻ പോത്താണ് .
------
ഇനി, മാടൻ പോത്തു പരബ്രഹ്മം ആണെന്ന് മനസിലാക്കി, മേല്പറഞ്ഞ കുറിപ്പ് ഒന്നൂടെ വായിച്ചുനോക്കിയേ.. അപ്പൊ വർണ്യത്തിൽ ആശങ്ക രൂപപ്പെടും.
ഗാന്ധിയാവണം
---------------
ഗാന്ധിയാകുവാൻ വേണം കണ്ണട , മുളവടി .
ചിറകുള്ള ചെരുപ്പാകാം, ദൂരമേറെ നടക്കണം
സമയ സർപ്പത്തെ ചേലിൽ ചെപ്പിൽ അടയ്ക്കണം
പുസ്തകം ,ചെറു പെന്സില് ചാലുകീറുന്ന ചിന്ത.
ചർക്ക പോൽ ഏകാക്ഷമാം മനനം - ഉടുപ്പുപേക്ഷിക്കാം
പുഞ്ചിരി കൊണ്ട് നൂറ്റ പരുത്തി പുതച്ചീടാം.
ഉള്ളിലെ രാമനാമം തുളുമ്പാതെ ജപിക്കണം.
ഗീതാ ധേനുക്ഷീരം ദിനവും രുചിക്കണം
വിശപ്പിനെ മെരുക്കി തൊഴുത്തിൽ തളയ്ക്കണം
ആസക്തി വെടിഞ്ഞുപവസിക്കാൻ പഠിക്കണം
*****
വാതിലിലൊന്നും നില്ക്കാതക്ഷീണം ഗാന്ധിയാകാൻ
വഴിപിണങ്ങാതെ വടി കുത്തി നടപ്പൂഞാൻ.
വഴിയേറെ പിന്നിലായി പകൽ കത്തി അണയാറായ് ,
നവഖലി എന്നേ പിന്നിൽ ചേറിൽ പുതഞ്ഞു പോയ്
ഗാന്ധിയാകുവാൻ ഞാൻ ഇനിയെത്ര നടക്കണം ?
നാട്ടു വെളിച്ചം മങ്ങി കൂരിരുട്ടു പടരുമ്പോൾ ..
ഏക താരകം മിന്നി തിളക്കം കെട്ടൊടുങ്ങുമ്പോൾ .
അമ്പിളിക്കല വാളായ് മേലേ നിന്നുലയുമ്പോൾ ..
വന്നിടു മഹാത്മാവേ വെള്ളിടിയായി സത്യ ശീതളാംശു
നീളെ തെളിക്കും വെളിച്ചമായ് .