Wednesday, January 25, 2023

ജെല്ലിക്കെട്ട് - അഥവാ ഒരു ബ്രഹ്‌മാന്വേഷണ കഥ.

 Jellikkettu 

ജെല്ലിക്കെട്ട് -  അഥവാ   ഒരു ബ്രഹ്‌മാന്വേഷണ കഥ.  

ജെല്ലിക്കെട്ട്  എന്ന സിനിമയുടെ ഒരു നിരൂപണം

ജെല്ലിക്കെട്ടിലെ പോത്തു  വെറും പോത്തല്ല. ബീഫ് ആണ്.  വരട്ടാം , കറി യാക്കാം , ഇടിയിറച്ചി ആക്കാം , വറുക്കാം അങ്ങനെ പല രൂപത്തിൽ പരുവപ്പെടുത്തി അകത്താക്കാം. പതിയെ ദഹിച്ചോളും .

ജെല്ലിക്കെട്ടിലെ പോത്തു  വെറും പോത്തല്ല - പക്ഷെ  പോത്തിനെ തേടുന്ന, ഓടുന്ന   മനുഷ്യരെല്ലാം  നമ്മളൊക്കെ തന്നെ ആണ്. 


സിനിമയിൽ പോത്തിനെ വെറും ബീഫ് ആയി കണ്ടാണ് പലരും പുറകെ  ഓടുന്നത്.  ബീഫിന്റെ ഒരു ഓഹരി കിട്ടും എന്ന് നാവു നുണയുന്നവർ 

ആണ് ആ ഓടുന്നവരിൽ ഭൂരിഭാഗവും.  പിന്നെ അതിനിടയിൽ ഒരു ത്രില്ല്  കണ്ടെത്തി അതിനു വേണ്ടി ഓടുന്നവരും ഉണ്ട്. 

ചിലർ മറ്റു ചില കാരണങ്ങളാൽ ,  വൈരാഗ്യം തീർക്കാനോ മറ്റോ.. ,  ഇതൊരു അവസരം ആയിക്കണ്ടു ഓടുന്നു. 

പിന്നെ ബീഫിന്റെ  ഉടമ എന്ന് ചിലർ സ്വയം വിശ്വസിക്കുന്നുണ്ടെങ്കിലും ,  ബാക്കി എല്ലാരും അതിനെ പൊതു സ്വത്തായാണ് 

 കാണുന്നത്.  ബീഫിന്റെ മൊത്തം ചില്ലറ വില്പനക്കാർ  ..ജെല്ലിക്കെട്ടിൽ  കൂടുതൽ ഉത്തരവാദിത്തം  ഭാവിക്കുന്നു. സത്യത്തിൽ 

ബീഫ് എല്ലാരുടെയും ആണ്. 

കുഴിയിൽ വീണ ബീഫിനെ  നവോത്ഥാനത്തിലൂടെ  പുറത്തെത്തിക്കാൻ കൊണ്ട് പിടിച്ചു ശ്രമിക്കുന്നുണ്ട്. 

ഈ ഓട്ടത്തിനിടയിൽ സകല വെച്ചുകെട്ടുകളും അഴിഞ്ഞു വീഴുന്നുണ്ട്.  പ്രിമിറ്റീവ് ആയ കാടൻ മനുഷ്യരായി അന്വേഷണം 

മുറുകുന്നുണ്ട്. ഒടുവിൽ ഈ പച്ച  മനുഷ്യരെല്ലാം  ഒന്നിച്ചൊരു കുന്നായി ബീഫിനെ  ചെളിയിലേക്കു തന്നെ പൂഴ്ത്തുകയാണ്. 


ബീഫ് പോത്താകുന്നു. പോത്ത് പരബ്രഹ്മം ആകുന്നു. 


വാതിലിൽ കൊമ്പുടക്കി നിന്ന് പോയ ചാത്തന്റെ പരബ്രഹ്മം അഥവാ മാടൻ പോത്തു.  നമ്പൂരിപ്പാടിന്റെ ഐഹിക ഭാണ്ഡവും പേറി അനുസരണയോടെ 

ചാത്തന്റെ പിന്നാലെ നടന്ന പരബ്രഹ്മം.  അതിന്റെ പുറകെ ആണ് ബീഫ് എന്ന് കരുതി നമ്മൾ എല്ലാം ഓടുന്നത്. പക്ഷെ ശരിക്കും അത് മാടൻ പോത്താണ് . 

------

ഇനി, മാടൻ പോത്തു പരബ്രഹ്മം ആണെന്ന് മനസിലാക്കി,  മേല്പറഞ്ഞ കുറിപ്പ് ഒന്നൂടെ വായിച്ചുനോക്കിയേ..   അപ്പൊ വർണ്യത്തിൽ ആശങ്ക രൂപപ്പെടും.  

Monday, October 03, 2022

ഗാന്ധിയാവണം. Gandhiyavanam

 
ഗാന്ധിയാവണം 

---------------


ഗാന്ധിയാകുവാൻ വേണം കണ്ണട , മുളവടി .

ചിറകുള്ള ചെരുപ്പാകാം, ദൂരമേറെ നടക്കണം 


സമയ സർപ്പത്തെ ചേലിൽ ചെപ്പിൽ അടയ്ക്കണം 

പുസ്തകം  ,ചെറു പെന്സില്  ചാലുകീറുന്ന ചിന്ത.


ചർക്ക പോൽ ഏകാക്ഷമാം മനനം -  ഉടുപ്പുപേക്ഷിക്കാം 

പുഞ്ചിരി കൊണ്ട്  നൂറ്റ പരുത്തി  പുതച്ചീടാം.


ഉള്ളിലെ രാമനാമം തുളുമ്പാതെ ജപിക്കണം. 

ഗീതാ ധേനുക്ഷീരം  ദിനവും രുചിക്കണം 


വിശപ്പിനെ മെരുക്കി തൊഴുത്തിൽ തളയ്ക്കണം 

ആസക്തി  വെടിഞ്ഞുപവസിക്കാൻ പഠിക്കണം 

*****

വാതിലിലൊന്നും നില്ക്കാതക്ഷീണം ഗാന്ധിയാകാൻ 

വഴിപിണങ്ങാതെ വടി കുത്തി നടപ്പൂഞാൻ.


വഴിയേറെ പിന്നിലായി പകൽ കത്തി അണയാറായ് , 

നവഖലി എന്നേ പിന്നിൽ ചേറിൽ പുതഞ്ഞു പോയ് 


ഗാന്ധിയാകുവാൻ ഞാൻ ഇനിയെത്ര  നടക്കണം ?


നാട്ടു വെളിച്ചം  മങ്ങി കൂരിരുട്ടു പടരുമ്പോൾ .. 

ഏക താരകം  മിന്നി തിളക്കം കെട്ടൊടുങ്ങുമ്പോൾ . 

അമ്പിളിക്കല വാളായ് മേലേ നിന്നുലയുമ്പോൾ .. 

വന്നിടു മഹാത്മാവേ വെള്ളിടിയായി സത്യ ശീതളാംശു 

നീളെ തെളിക്കും വെളിച്ചമായ് .

Monday, March 11, 2019

ശാസ്ത്രീയതയും ആത്മീയതയും


തികച്ചും വിപരീതങ്ങളായ ആശയങ്ങളായാണ് പലരും ശാസ്ത്രീയതയെയും ആത്മീയതയെയും
അറിഞ്ഞു വച്ചിരിക്കുന്നത്.  പ്രപഞ്ച രഹസ്യങ്ങളറിയാനുള്ള മനുഷ്യന്റെ എളിയ ശ്രമങ്ങളാണ് രണ്ടും.

ആദ്യത്തേത് നമുക്കറിവുള്ള ഭൗതികതകളിൽ നിന്ന് ആരംഭിച്ചു അറിവില്ലാത്ത കാര്യങ്ങളെ മനസ്സിലാക്കാൻ ആണ് ശ്രമിക്കുന്നത്. സുപരിചിത അനുഭവങ്ങളുടെ കാരണങ്ങൾ അന്വേഷിച്ചു പോകുന്ന രീതി ആണ് ശാസ്ത്രത്തിന്റേതു . മനസ്സിലാക്കിയ തത്വങ്ങളുടെ ആവർത്തന സ്ഥിരത  (Consistent repeatability) ഇവിടെ പ്രധാനമാണ്.  ഈ അടിസ്ഥാനങ്ങളിൽ പടുത്തുയർത്തിയ രീതി ശാസ്ത്രമാണ് "ശാസ്ത്രീയത".

ശാസ്ത്രീയം എന്ന് നാം കരുതുന്ന പലതും നിരീക്ഷണവും ഡോക്യൂമെന്റഷനും മാത്രം അടിസ്ഥാനമാക്കി ഉള്ളതാണ്. അടിസ്ഥാനപരമായി നിർധാരണം ചെയ്തവ  അല്ല. ശാസ്ത്രീയത എന്നത് നിരീക്ഷണങ്ങളും ഡോക്യൂമെന്റഷനും അടിസ്ഥാനമാക്കിയ ഒരു "രീതി" ആണ്.  തെളിവുകൾ എന്നതിന്റെ യഥാർത്ഥ അർത്ഥത്തിൽ,നാമിന്നു കാണുന്ന പല ശാസ്ത്രീയത കൾക്കും തെളിവുകൾ ഇല്ല.  "അതെന്താ അങ്ങനെ?" എന്നതിന് ഉത്തരങ്ങൾ ഇല്ല.

ഉദാഹരണത്തിന് ഗ്രാവിറ്റേഷനൽ കോൺസ്റ്റന്റ് G . അതിന്റെ വാല്യൂ.. എങ്ങനെ അതായി എന്ന് അറിയില്ല. പക്ഷെ അനുഭവങ്ങളിൽ നിന്ന് അതിന്റെ വാല്യൂ പലരും കണ്ടെത്തിയിട്ടുണ്ട്.  ഞെട്ടറ്റാൽ ആപ്പിൾ താഴേക്ക് വീഴും എന്ന സുപരിചിത അനുഭവം പോലെ (എന്തുകൊണ്ട് താഴേക്കു വീഴുന്നു എന്ന്  ഗ്രാവിറ്റി  യുടെ  വെളിച്ചത്തിൽ അന്ന്  അറിയില്ലായിരുന്നു) ഒരു പടി കൂടി ആഴത്തിൽ പോയി G യിൽ തട്ടി നിൽക്കുകയാണ് നാം.  എന്തുകൊണ്ട് G  എന്നോ..  അതെങ്ങനെ കോൺസ്റ്റന്റ് ആയി തുടരുന്നു എന്നോ.. അങ്ങനെ എന്നും തുടരുമോ എന്നും ഇന്നും അറിയില്ല. തെളിവൊന്നുമില്ല.  റിലേറ്റിവിറ്റി യും സ്പേസ് ടൈം continuum  , സ്ട്രിംഗ് തിയറി  ഇതൊക്കെയും , ഈ ചോദ്യങ്ങൾക്കുള്ള  ഉത്തരവും തേടുന്നുണ്ട്. 

പറഞ്ഞു വന്നത് ശാസ്ത്രം അനുഭവാധിഷ്ഠിതമാണ് എന്നാണ്.  അനുഭവങ്ങളെ( അറിഞ്ഞവകളെ) മറ്റൊരാൾക്ക് പകരാൻ ഒരു രീതിയും വികസിച്ചിട്ടുണ്ട് . അതാണ് ശാസ്ത്രീയത(സയന്റിഫിക്) എന്ന് നാം പുകഴ്ത്തുന്ന  രീതി.   Spiritualty എന്ന് പറയുന്നതും സയൻസ് പോലെ തന്നെ, തിയറി /പ്രൂഫ് മാത്രം അല്ല. കുറെ അനുഭവങ്ങളും കൂടി ആണ് .  അനുഭവങ്ങളെ മറ്റൊരാളിലേക്ക് പകരാൻ ഉള്ള സംജ്ഞകളും , രീതി കളും ശാസ്ത്രത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. മാത്രമല്ല spirituality, തിയറി യെക്കാൾ, തെളിവുകളേക്കാൾ,  അനുഭാവാധിഷ്ഠിതമാണ്.

ശാസ്ത്രീയത അഭ്യസിച്ചാൽ മതമേ പല ശാസ്ത്ര തത്വങ്ങളും മനസിലാകൂ. ടൈം ഡയലേഷനെ കുറിച്ച് ശാസ്ത്ര അടിസ്ഥാനമില്ലാത്ത ഒരാളോട് പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടല്ലേ ?  അതുപോലെ അനുഭവസ്ഥരുടെ spirituality  മനസ്സിലാക്കണമെങ്കിൽ അല്പം ആത്മീയ അടിത്തറ ആവശ്യമാണ്.  അതുകൊണ്ടാകണം നമ്മുടെ ( എന്റെയും) സയന്റിഫിക് temper മാത്രം കൊണ്ട് spirituality യെ മനസിലാക്കാൻ സാധിക്കാത്തതു.

ശാസ്ത്രീയത ഇത്രയും സ്വീകാര്യമായതു അത് ഫലാധിഷ്ഠിതം (റിസൾട്ട് ഓറിയന്റഡ്) ആയതു കൊണ്ട് മാത്രം അല്ല, താരതമ്യേന എളുപ്പത്തിൽ അനുഭവങ്ങളെ വിനിമയം ചെയ്യാൻ സാധിക്കുന്നു എന്നത് കൊണ്ട് കൂടിയാണ്.  വിനിമയത്തിനുള്ള ജനകീയമായ ഒരു രീതിശാസ്ത്രം ആത്മീയതയിൽ വളർന്നു വന്നിട്ടില്ല എന്നും നമ്മൾ തിരിച്ചറിയണം. 

Saturday, July 14, 2018

വട്ടവടയിൽനിന്നു അഭിമന്യു (Vattavadayilninnu Abhimanyu)"ഉടനെ യെത്തണം , ഇപ്പോൾ പ്പുറപ്പെടൂ"
കൂടെ പഠിക്കും സഖാവിന്റെ ഫോൺ വിളി.

"രാത്രിതന്നെ മടക്കമോ ?" 
പിന്നിലാരൊ പതുക്കെ വിളിച്ചുവോ ?
ഇത്രനാൾ  താണ്ടിയ  കഷ്ടകാല വഴി
യരികിലെ പ്പൂക്കളോ  ?
ദൂരെ  നിന്നേതോ  മിഴിപ്പൂക്കളോ ?

പുതിയനാളേക്ക്  കോളേജിലെത്തുന്ന,
പുതുമുഖങ്ങൾക്ക് സ്വാഗതമോതണം .
   
വളരുമാ   പദ്മവ്യൂഹം തകർക്കണം;
രാത്രിവണ്ടിയിൽ  ചുരമിറങ്ങുന്നു  ഞാൻ.

നറുനിലാവിന്റെ നൂൽ മുറിഞ്ഞായിരം -
തിരിതെളിഞ്ഞു ,  മിഴികൾ തുറക്കവേ,

മലമടക്കുകൾ താണ്ടി വരുന്നൊരീ കാറ്റ്
ചോദിച്ചുവോ , ഇന്ന് തന്നെ മടക്കമോ ?

എന്നെ യുറക്കി ക്കിടത്തി മലങ്കാറ്റു
പാട്ടു നിർത്തി, കൂരിരുട്ടിന്നു കൂട്ടുപോയ് .

ഒരു കിനാവിന്റെ രാത്രിവണ്ടിയിൽ 
ഇരുളു കീറി ചുരമിറങ്ങുന്നു ഞാൻ.

നാളെ എത്തും   ചുവന്ന പുലരിക്കു ,
വിരിയുവാൻ കാട്ടുപൂക്കൾ  ഒരുങ്ങവേ

കറുത്ത കാടുകൾ പിറകിൽ  മായവേ
നഗര സീമയിൽ കനൽ തെളിയവേ ..

സുഖമൊരു ചെറു  മയക്കമാണ്ടു ഞാൻ
അഭിമന്യു , കറുത്ത വൻകാടിറങ്ങി വന്നവൻ

അകലെയാരോ,ചിരിച്ചുവോ  ?, കഠാര  തൻ  ,
അലക്‌ രാകുന്ന നിസ്വനം കേട്ടുവോ?

അത് വെറും തോന്നൽ, കൂരി രുളിന്റെ
കരിമ്പടം പുതച്ചുറങ്ങിടട്ടെ  ഞാൻ.